Sunday, January 30, 2011

ഐസ് ക്രീം പാര്‍ലര്‍ : ഒരു "വെറും പെണ്ണി"ന്റെ കണ്ണിലുടെ

സ്ത്രീ പീഡനവും പെണ്‍വാണിഭവും എന്താണെന്നു മനസിലാക്കാന്‍ പ്രായം ആകുന്നതിനു മുന്‍പേ കേട്ട് തുടങ്ങിയ പേരുകളാണ് സൂര്യനെല്ലിയും ഐസ് ക്രീം പാര്‍ലരും ഒക്കെ. എല്ലാ ദിവസവും പത്രം വായിപ്പിച്ചു റിപ്പോര്‍ട്ട്‌ എഴുതിപ്പിക്കുന്ന ശീലം അമ്മാവനുണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ഈ വാര്‍ത്തകള്‍ അത്ര നേരത്തെ കണ്ണില്‍ പെട്ടത്. ചിലപ്പോഴെങ്കിലും ഈ പണി ഞങ്ങള്‍ക്ക് ഒരു കടത്തു കഴിക്കല്‍ മാത്രം ആയിരുന്നു. വൃത്തിയില്ലാതെ എഴുതിയതിനു തല്ലിയ അമ്മാവനോട്, ഇത് സ്ത്രീ പീഡനം ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് എക്സ്ട്രാ കിട്ടി. അപ്പോഴും ഇതൊക്കെ പറയാന്‍ പാടില്ലാത്ത വാക്കുകളില്‍ ഒന്നാണെന്ന് മാത്രമേ കരുതിയുള്ളു.

ഭക്ഷണം വേണ്ടത്തപ്പോഴും, പഠിക്കാന്‍ മടി കാണിക്കുമ്പോഴും തല്ലു കൊള്ളുന്നതല്ല സ്ത്രീ പീഡനം എന്ന് മനസിലാകുന്നത്, മനോരമയുടെ സുപ്പ്ലിമെന്റില്‍, സുര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന പേരിലോ മറ്റോ വന്ന ഒരു ഫുള്‍ പേജ് വാര്‍ത്തയാണ്. മുടി ഇരുവശത്തേയ്ക്കും അലസമായി പിന്നികെട്ടി, ഒരു പാവാടക്കാരി. വിഷാദവും നിസ്സഹായതയും നിഴലിക്കുന്ന മുഖം. അവളുടെ തോളില്‍ ഉറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞ്. അന്ന് മുതലിന്നോളം, ഏതു പെണ്‍വാണിഭ-പീഡന വാര്‍ത്തയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അവളുടെ മുഖം ആണ്.

ഒരിടവേളയ്ക്ക് ശേഷം ഐസ് ക്രീം പാര്‍ലര്‍ വീണ്ടും പൊങ്ങി വന്നിരിക്കുകയാണിപ്പോള്‍. വോട്ടു വാങ്ങാനും കൊടുക്കാനും, പ്രതികരിക്കാനും, പ്രതികാരം ചെയ്യാനും ഒരു ഐസ് ക്രീം പാര്‍ലര്‍ സ്റ്റൈല്‍. ലൈഗീകതയെ പ്രത്യക്ഷത്തില്‍ അറപ്പായും പരോക്ഷത്തില്‍ ആനന്ദമായും കാണുന്ന മലയാളി ലൈഗീക വിശുദ്ധി പാലിക്കാത്തവരെ ഏതു കണ്ണിലുടെ ആകും കാണുക എന്നെ പ്രത്യേകം പറയേണ്ടതില്ല. സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലഘനവും. ലൈഗീകമായി ആക്രമിക്കപ്പെടുന്ന സ്ത്രീ ആ വേദനയും അപമാനവും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നുണ്ടാവും.അവരെ വീണ്ടും ആ ദുഷിച്ച ഓര്‍മകളിലേക്ക് തള്ളി വിടുന്നത് കൊണ്ട് നമുക്കെന്താണ് ഗുണം? ഒരേ ഇരയെ വീണ്ടും വേട്ടയാടെണ്ടതുണ്ടോ?

തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടനമെന്നു എല്ലാവരെയും പോലെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സുപ്രീം കോടതി വരെ പോയിട്ടും ഈ കേസില്‍ തോല്‍വി ഇരന്നു വാങ്ങിയ ഗവര്‍മെന്റും, ഇതൊക്കെ മുതലെടുക്കുന്ന രാഷ്ത്രിയക്കാരും വീണ്ടും ഈ നാടകം ആര്‍ക്കു വേണ്ടിയാണു ആടുന്നത്? ഈ നാടകത്തില്‍ രാഷ്ത്രിയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു വിവാദ നായികയുടെ ജീവിതമാണ്‌. അവരുടെ ജീവിതം വച്ച് നമ്മള്‍ ആവശ്യത്തിനു കഥകളും വാര്‍ത്ത‍കളും ഉണ്ടാക്കിയില്ലേ? ഇനി എങ്കിലും അവരെ അവരുടെ വഴിക്ക് വിട്ടുകുടെ? സ്വകാര്യത ചിലരുടെ മാത്രം ആവശ്യമാണോ? റെജിനയ്ക്കും, അവരെ പോലെയുള്ള മറ്റു പെണ്‍ കുട്ടികള്‍ക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഇല്ല എന്നാണോ?



PS : ചരിത്രവും രാഷ്ട്രിയ മുതലെടുപ്പുകളും വായിച്ചു തര്‍ക്കിക്കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഒരു "വെറും പെണ്ണിന്റെ" കാഴ്ച്ചപ്പാടാണിത് . ബുദ്ധിജീവികള്‍, social activists , please excuse.

Saturday, January 8, 2011

പുതുവര്‍ഷ സമ്മാനം


ഓഫീസില്‍ തിരക്കിട്ട് പണി ചെയ്തു തീര്‍ക്കുംബോഴാണ് നാട്ടിന്നു വല്യപ്പച്ചന്റെ കാള്‍.
വല്യപ്പച്ചന്‍ : ഹലോ സോണി അല്ലെ ?
ഞാന്‍ : അതേയ്, എന്തേ?
വല്യപ്പച്ചന്‍ : ആ നിനക്കൊരു പാര്‍സല്‍ ഉണ്ട്. നാളെ അപ്പച്ചനോട് വരാന്‍ പറ
ഞാന്‍ : പാര്‍സല്‍ ? എനിക്കോ? എന്താണ് നോക്കിയേ..ആരാ അയച്ചിരിക്കുനെ?
വല്യപ്പച്ചന്‍ : ആടി.. നിനക്ക് തന്നെയാ. പാണ്ടിപിള്ളിലെ ഏതോ ഒരു പെങ്കൊച്ചിനു കൂടെ ഉണ്ട്. എന്താ എന്ന് മനസിലാകുനില്ല, ബുക്കോ , എന്തോ ആണ്. നീ അപ്പച്ചനോട് വരാന്‍ പറ.
ഞാന്‍ : എനിക്കാരാണാവോ ഇപ്പൊ പാര്‍സല്‍ അയക്കാന്‍? ശരി, ഞങ്ങള്‍ വന്നുണ്ട് .അപ്പൊ വാങ്ങിക്കോളം.

ഇപ്പോഴും എഴുത്തും കുത്തുമൊക്കെ നാട്ടിലെ വിലാസത്തില്‍ തന്നെ ആയതു കൊണ്ട്, ഇതൊക്കെ വാങ്ങി ഞങ്ങളെ ഏല്‍പ്പിക്കുന്ന പണി ഞങ്ങള്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന അപ്പന്റെ ചേട്ടനാണ്. .ഞാന്‍ ആലോചിക്കുകയായിരുന്നു. ഇപ്പൊ ആരാണാവോ ഇങ്ങനെ ഒരു പാര്‍സല്‍ അയക്കാന്‍!!! വല്ല ആരാധകരും ആകും.... ഗൂഗിള്‍ ബസിലും ബ്ലോഗ്ഗിലും ഒക്കെ ആയി കുറെ പേര്‍ ഉണ്ടല്ലോ!! അതില്‍ ഏതെങ്കിലും ഒരു ആരാധകന്‍ !!! വല്ല ചോക്ലാട്ടോ മറ്റോ ആകും. പണി തിരക്കില്‍ അത് മറന്നു. രാത്രി വീട്ടില്‍ എത്തിയപ്പോ വീണ്ടും വിളി . ഇത്തവണ ചേച്ചിടെ വക അമ്മേടെ മൊബൈലില്‍. ആന്‍സര്‍ ചെയ്തത് സുഷമയും.

ചേച്ചി : സുഷമേണ ?
സുഷ് : അതേയ്, എന്തേ?
ചേച്ചി: ഒരു പാര്‍സല്‍ ഉണ്ടല്ലോ.. അപ്പച്ചന്‍ പറഞ്ഞിരുന്നോ?
സുഷ് : പാര്‍സല്‍ ? എനിക്കോ? എന്തുന്ന? ആരയച്ചതാ ?
ചേച്ചി : അതൊന്നും അറിയില്ല.. ഏതോ മാര്‍ക്കറ്റിംഗ് കമ്പനിന്ന,, പേപ്പര്‍ പോലെ ഉണ്ട്,..
സുഷ് : പേപ്പര്‍? സോണി ...... (അവള്‍ നീട്ടി എന്നെ വിളിച്ചു.). ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന്. പേപ്പര്‍ പോലെ എന്തോ ആണെന്ന പറയണേ.. ഇനി ചെക്ക്‌ എങ്ങാനും ആകുമോ?
(ഫീസ്‌ കൊടുക്കാന്‍ കോളെജിന്നു പറഞ്ഞെ പിന്നെ ഈ പെണ്ണ് ഇങ്ങനെയ.. എന്ത് കേട്ടാലും കാശ് ആണെന്നെ കേള്‍ക്കു. ) ഇനി ഫിഷേരീസ് നു ആയിരിക്കുമോ? ഫീ കന്‍സഷന്‍ ശരി ആയിട്ടുണ്ടാകും.
ചേച്ചി : ഇതതൊന്നുമല്ല .. വേറെ എന്തോ ആണ്..
സുഷ് : ഹും. ഞങ്ങള്‍ വരാനുണ്ട് ശനി ആഴ്ച. അപ്പൊ വാങ്ങാം

ഫോണ്‍ കട്ട്‌ ചെയ്തു ഞങള്‍ ആലോചിക്കാന്‍ തുടങ്ങി. ആരാണാവോ? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുനില്ല. ചേച്ചി പറഞ്ഞ കമ്പനി അഡ്രസ്‌ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. കിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോ ആന്റി വൈറസ്‌ ചേട്ടന്‍ ഒരു വാണിംഗ് തന്നു. ഞാന്‍ കിട്ടിയ വാര്‍നിങ്ങിന്റെ ഡിസ്കണക്ട് ക്ലിക്ക് ചെയ്തു. ഏതോ ഒരു പേജിലേക്ക് നവിഗറ്റ് ചെയ്തു പോയി. എനിക്ക് പേടി ആകുന്നു. ലെറ്റര്‍ ബോംബിന്റെ ഒക്കെ കാലമല്ലേ...ഇനി വല്ല ശത്രുക്കളും ആകുമോ? ബോംബോ , കുടോത്രമോ മറ്റോ!!! എന്റെ തല കറങ്ങുന്നു. ചോക്കലേറ്റും ആരാധകരും ചെക്കും ഒക്കെ വേറെ എന്തൊക്കെയോ ആയി മാറുന്നു

പിന്നെ ഇക്കാര്യം മറന്നേ പോയി. ഇന്ന് നാട്ടില്‍ ചെന്നപ്പോ പതിവ് പോലെ വല്ല്യപ്പച്ചന്റെ വീട്ടില്‍ കയറി. ഇടിവെട്ടെല്‍ക്കുന്ന ഒരു ഫോണ്‍ ബില്ലും ഒരു പാര്‍സലും. ഞാന്‍ അതില്‍ തൊട്ടു നോക്കി. തടവി നോക്കി. എന്താ എന്ന് മനസിലാകുനില്ല. ആകാംഷയോടെ ഞാന്‍ പാര്‍സല്‍ തുറന്നു. വല്ല്യപ്പച്ചന്റെയും, വല്ല്യമ്മിച്ചിയുടെയും അമ്മേടേം , സുഷിന്റെം മുന്നില്‍ വച്ച്. ഒരു പാക്കറ്റ്. അതില്‍ എഴുതിയിരിക്കുന്നു.
"Your Requested Sample inside"
ഏതു സാമ്പിള്‍, എന്ത് സാമ്പിള്‍? ആകാംഷ വര്‍ദ്ധിച്ചു. ഞാന്‍ പാക്കറ്റ് തുറന്നു. ഭാഗ്യം.. കാര്‍ന്നംമാര്
മാത്രേ ഉള്ളു. അല്ലേല്‍ നാറിയെനെ. അതില്‍ വിസ്പേര്‍ അള്‍ട്ര ചോയ് സിന്റെ 2 സംപ്ലിളുകള്‍ .
എന്റെ ഫുള്‍ അഡ്രസ്സും മൈസുരെ മൊബൈല്‍ നമ്പറും വച്ച് ഇത് ചെയ്തത് ആരാണാവോ? ഞാന്‍ എപ്പോ റിക്വസ്റ്റ് ചെയ്തു? എന്ന് ചെയ്തു? ഒന്നും എനിക്കറിയില്ല. എന്തായാലും കിട്ടിയത് ലാഭം എന്ന് വച്ചിരിക്കുംബോഴാ അമ്മേടെ വക.
"കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള്‍ കണ്ട സാധനം . "





Friday, December 17, 2010

ബസ് ഡേ : ഒരു ബസ്‌ വിചാരം

ഇന്ന് ബസ്‌ ദിനം . പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമം. മനോരമ ന്യുസില്‍ നടന്‍ കൈലാശിന്റെ ബസ് യാത്ര ഒക്കെ കണ്ടപ്പോഴാണ് ഇതൊരു മഹാ സംഭവമാണെന്ന് മനസിലായത്. സിനിമയിലെ തിരക്കുകള്‍ ബസ്‌ യാത്ര അനുവദികുന്നില്ലെന് അങ്ങൊരു പറഞ്ഞത് നേരാണോ എന്ന് അങ്ങോരുടെ ഒരു സിനിമ പോലും കാണാത്ത എനിക്ക് അറിയില്ല. അതൊക്കെ പോട്ടെ, പ്രത്യേകുച്ചു യാതൊരു തിരക്കും ഇല്ലാത്ത ഞാന്‍ ഓഫീസില്‍ പോകാന്‍ ഓട്ടോ വിളിക്കുന്നത്‌ ആരുടേം ശല്യം ഇല്ലാതെ ഒറ്റക് യാത്ര ചെയ്യാന്‍ അല്ല. പ്രൈവറ്റ് ബസിനെ നോക്കി , ആ പൊക്കോ എന്നും പറഞ്ഞു, പിന്നാലെ വരുന്ന KSRTC യില്‍ കയറുന്നത് നഷ്ടത്തില്‍ ഓടുന്ന KSTRC യെ ഒരു ആഗോള കമ്പനി ആക്കി മാറ്റാനുള്ള ആഗ്രഹം കൊണ്ടുമല്ല. സ്വതവേ ലൈറ്റ് വെയിറ്റ് ആയ ഞാന്‍ ഈ പ്രൈവറ്റ് ബസ്‌ ഡ്രൈവര്‍മാരുടെ SKILLS പ്രദര്‍ശനത്തിനിടയില്‍ പറന്നു പോയി, വീട്ടുകാര്‍ക്കും പിന്നെ 2 ദിവസം പത്രക്കാര്‍ക്കും പണി ഉണ്ടാക്കേണ്ട എന്ന് വച്ച. അല്ലേലും ഇത്രേം ഭാരം തങ്ങുന്ന ഭൂമിക്കു എന്റെ ഒരു 36 കിലോ ഒരു ഭാരമേ അല്ല.

+2 കാലത്തേ കൂട്ടുകാരിയുടെ ലൈന്‍ , ബസ്‌ മാറി വൈപ്പിന്‍ പരൂര്‍ റൂട്ടില്‍ ബസ്‌ ഓടിക്കാന്‍ വന്നത് ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അന്നൊക്കെ സ്ടന്റിലേക്ക് കയറാനും ഇറങ്ങാനും ഒരു റോഡ്‌ മാത്രമേ ഉള്ളു. ഞങ്ങള്‍ സ്ടന്റിനുള്ളിലേക്ക് നടക്കുന്ന സമയത്താണ് ഈ പഹയന്‍ ബസും കൊണ്ട് വരുന്നേ. പിന്നെ അവിടെ ആകെ സംശയമാണ്. ആകെ ഒരു ബഹളം. നങ്ങളുടെ ദേഹത് മുട്ടി മുട്ടില്ല എന്നാ മട്ടിലാണ്‌ ഇങ്ങോരുടെ ഡ്രൈവിംഗ്. പിന്നെ, ഇങ്ങോരെ കണ്ടാല്‍ ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയില്ല. കക്ഷി വണ്ടിം കൊണ്ട് പോകാന്‍ വെയിറ്റ് ചെയ്യും. ഞങ്ങള്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ കാത്തു അയാളും. കലാപരിപാടിക്ക്‌ ഒരു മുടക്കവും ഇല്ല. ഇങ്ങനെ ഇയാള്‍ടെ വേഷംകെട്ട് കാരണം ഞങ്ങള്‍ ഒരിക്കെ ആംബുലന്‍സ് നു മുന്നിലും പെട്ടു. ആശുപത്രിയില്‍ പോകാന്‍ വേറെ വണ്ടി നോക്കേണ്ട എന്ന് അന്ന് കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു

ഇനിയും ഉണ്ട് ജെനുസുകള്‍. എറണാകുളം കൊടുങ്ങല്ലൂര്‍ ബസിലെ ഡ്രൈവര്‍ നു മാല്യങ്കര കൊള്ലെജിന്നു പെണ്‍കുട്ടികള്‍ കയറിയാല്‍ പിന്നെ കണ്ട്രോള്‍ കിട്ടില്ല. ചെറിയ ക്ലാസ്സിലെ കുട്ടികളെ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല .. അങ്ങനെ .. അങ്ങനെ...

ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെക്കുടി പേടിച്ചരണ്ടു നടന്നു പോകുന്ന മുടന്തന്‍ കുഞ്ഞാടിനെ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം മനസുഖം ആണ് ഇവര്‍ക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ..ഇവരെ നേരെ നിര്‍ത്തിയാല്‍ കുറെ ആളുകളെങ്കിലും ബസ്‌ ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് തോന്നുന്നത്. പിന്നെ ശാസ്ത്രിയമായ ഒരു സമയക്രമവും. തിരക്കുള്ള റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ബസ് വന്നാലുള്ള ഗതി ഒന്നാലോചിക്കൂ.. കമ്പിയില്‍ തൂങ്ങിക്കിടന്ന പലപ്പോഴും ഇങ്ങനെ ഉള്ള റൂട്ടിലെ യാത്രകള്‍. അതൊന്നും പരിഹരിക്കാതെ എല്ലാരും ബസില്‍ യാത്ര ചെയ് എന്ന് വിളിച്ചു കൂകിട്ടു കാര്യമില്ല

Note: Jesus and Kodungalloramma : buses that ply in our route

Tuesday, December 14, 2010

എന്റെ ഓരോരോ ആഗ്രഹങ്ങളേ

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പിന്നെ ഞാനായിട്ട് ആരുടേം ജീവന്‍ എടുക്കെണ്ടാണ് വച്ച് ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നെ പത്രപ്രവര്‍ത്തനം ആയിരുന്നു ഇഷ്ടം. ലീല മേനോന്റെ ഒക്കെ ഇന്റര്‍വ്യൂ കേട്ട് വെള്ളമിറക്കി ഇരുന്ന നാളുകളെ ഇന്നും എനിക്ക് ഇഷ്ടമാണ്. അവരെ പോലെ , പുലി പ്രഭാകരനെയും വീരപ്പനെയും ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നത് സ്വപ്നം കണ്ടു എത്ര നേരം കളഞ്ഞിട്ടുന്ടെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഏതായാലും എനിക്ക് ഇന്റര്‍വ്യൂ സ്ലോട്ട് അനുവദിക്കുന്നതിന് മുന്‍പേ അവരെ യമന്‍ കൊണ്ട് പോയി.

പിന്നെ ഒരാഗ്രഹം ആനേനെ വാങ്ങാനായിരുന്നു. സര്‍ക്കാര്‍ അതിനും വിലക്കെര്പെടുത്താന്‍ പോകുവാ, സ്വകാര്യ വ്യക്തികള്‍ക്ക് ഇനി ആന ഉടമസ്ഥത ഇല്ല . അങ്ങനെ ആനേനെ മുറ്റത്ത്‌ കെട്ടാനുള്ള ആഗ്രഹവും ബാക്കിയായി. പിന്നെ ഒന്ന് പലിശ രഹിത ബാങ്കിംഗ് തുടങ്ങണം എന്നായിരുന്നു. അതെന്താകുമോ ആവോ?

എന്റെ നല്ല കാലത്തിനു അമേരിക്കന്‍ പ്രസിടെന്റിനെ ഒന്നും ഇന്റര്‍വ്യൂ ചെയ്യുന്ന സ്വപനം ഞാന്‍ കണ്ടില്ല... അല്ലേല്‍ ഈ പോസ്റ്റ്‌ ഞാന്‍ വല്ല ഗ്വന്റിനമോ ബെയില്‍ നിന്നും ചെയ്യേണ്ടിണ്ടി വന്നേനെ :(

Friday, December 10, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2

പ്രണയത്തിനു ജാതിയോ മതമോ സാമ്പത്തീക അസമത്വങ്ങലോ ഇല്ല . അതുകൊണ്ടാവാം അത് അന്ധമാനെന്നു പറയുന്നത് . അതുകൊണ്ട് തന്നെ എന്റെ നായികയുടെ ജാതി ചോദിക്കുന്നതില്‍ പ്രസക്തിയും ഇല്ല. അവര്‍ക്ക് ഞാന്‍ ശകുന്തള എന്ന് പേരിടുന്നു. ശകുന്തളയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നതെങ്കിലും സമ്പത്തീകമായി മുന്നില്‍ നിന്നിരുന്ന നായകനും അവരെ സ്നേഹിച്ചു. അയാളെ നമുക്ക് സുശ്രുതന്‍ എന്ന് വിളിക്കാം .

പ്രണയം പൂര്‍ണ്ണമാകുന്നത് പരസ്പരം പങ്കുവയ്ക്കാപെടുമ്പോഴനെങ്കില്‍ ആ പങ്കുവയ്പ്പാണ് അവരുടെ പ്രണയത്തെ അല്പയുസാക്കിയത്. ഋതു മാറിയപ്പോള്‍, സുശ്രുതനും മാറിയിരുന്നു. ജാതിയുടെയും സമ്പത്തിന്റെയും പിടിവാശിക്ക്‌ മുന്നില്‍ തകര്‍ന്ന ആ പ്രണയത്തിന്റെ തിരുശേഷിപ്പാകാന്‍ ആ ഭ്രുണത്തെ ആരും അനുവദിച്ചില്ല.

വന്ജിക്കപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണുനീരിനു സംഹാരശേഷി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ കത്തിയമര്‍ന്നെനെ!!! എങ്കിലും ശകുന്തളയുടെ കണ്ണീരും ശാപവും സുശ്രുതനെ പിന്തുടര്‍ന്നു. ഉപേക്ഷിക്കപെട്ട മകളുടെ മുന്നില്‍ വച്ച് അവരുടെ അമ്മ അയാളെ ശപിചെത്രേ..
"ഈ മുറ്റത്ത്‌ ഇനി ഒരു കുഞ്ഞു ഓടിക്കളിക്കില്ല "..

വര്‍ഷങ്ങള്‍ക്കിപ്പുറം സുശ്രുതനും അയാളുടെ പുതിയ ഭാര്യയും ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു. ശപിക്കപെട്ട മണ്ണ് ഒരു കുഞ്ഞിക്കല്ടിവയ്പ്പിനും...

ശകുന്തള വിവാഹിതയായി... 2 മക്കളുടെ അമ്മയായ അവരെ പിന്നെ വേട്ടയാടിയത് നാട്ടിലെ വിശുദ്ധന്മാര്‍ ആയിരുന്നു. സുശ്രുതന്റെ പഴയ കാമുകിയുടെ ഭര്‍ത്താവായി അയാളെ ജനം എതിരേറ്റപ്പോള്‍, അവള്‍ വീണ്ടും തനിച്ചായി... പിന്നെ ജീവിതവുമായി അവളുടെ സമരം. മക്കളെ നാട്ടിലാക്കി പുറത്തേക്കു ജോലി തേടി പോയ അവളെ കാത്തിരുന്നത് മകളുടെ ചേതനയറ്റ ശരീരം ആയിരുന്നു. കാരണങ്ങള്‍ ഒന്നും പറയാതെ ഒരു അത്മഹത്യ...

പഴയ കൂട്ടുകാരിയുടെ മുന്നില്‍ എനിക്കെന്തു കൊണ്ട് ഇങ്ങനെ വന്നു, ദൈവം എന്ത് കൊണ്ട് എന്നോട് കരുണ കാണിച്ചില്ല എന്ന് അവര്‍ കരഞ്ഞപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിക്കുന്നത്. അവരുടെ ദുഖങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി? കൌമാര ചപല്യങ്ങള്‍ക്ക് തന്നെത്തന്നെ അടിയറവു വച്ച അവര്‍ തന്നെയോ ? അഭിമാനം കാക്കാന്‍ സ്നേഹിച്ച പെണ്ണിനേയും സ്വന്തം കുഞ്ഞിനേയും തിരസ്ക്കരിച്ച അവളുടെ കാമുകനോ? അല്ലെങ്കില്‍ ഈ സമൂഹമോ? ആരാണ് ..... !!!!

Wednesday, November 17, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം ഒന്ന്

ഞാന്‍ പത്തില്‍ പഠിക്കുന്ന കാലത്താണ് വീടിലെ TV ചീത്തയകുന്നത് . അങ്ങിനെ അത് വിഴുങ്ങിയിരുന്ന ഒഴിവു സമയങ്ങള്‍ പഴയ കഥകള്‍ പറയുന്നതിലേക്ക് മാറി. അന്ന് പറയപ്പെട്ട കഥകളില്‍ നിന്ന് മണ്മറഞ്ഞു പോയ ഒരു കാലത്തെയും ഒരു കൂട്ടം മനുഷ്യരെയും ചിത്രീകരിക്കാനുള്ള എന്റെ ശ്രമം ആണിത്.

ആ കഥകളില്‍ , എപ്പോഴും കേള്‍ക്കാറുള്ള ഒരു പേരാണ് ആണ്ടി അരേന്‍. ആണ്ടിയരേന്‍ ഒരു നല്ല അയല്‍ക്കാരന്‍ ആയിരുന്നു. തൊഴില്‍ : ചാപ്രപ്പണി. മീന്‍ വിലയ്ക്കെടുത്തു, ഉപ്പിട്ട് ഉണക്കി വിക്കുന്ന തൊഴില്‍. ഭാര്യ വള്ളിക്കുട്ടി.മക്കളില്ലാതിരുന്ന ആണ്ടിയരേനു ആ വേദന കുറച്ചത് സഹോദരന്റെ മക്കളും , അയല്‍വക്കത്തെ കുട്ടികളും പിന്നെ , കുറെ പൂച്ചകളും.

അവര്‍ക്ക് എത്ര പൂച്ച ഉണ്ടായിരുന്നു എന്ന് അറിയില്ല. വയ്കുന്നേരം മീനുമായി വരുന്ന അരേനെയും കാത്ത് പൂച്ചകളുടെ ഒരു ജാഥ തന്നെ ഉണ്ടാകും. വീടിനടുത്തുള്ള കെട്ടിന്ടെ ഇരു വശങ്ങളിലുമായി നിറയെ പൂച്ചകള്‍. ഏറ്റവും മുന്നില്‍ നേതാവായ കുട്ടന്‍. അയാള്‍ കൊണ്ടുവരുന്നത് എന്തായാലും, ആദ്യം കിട്ടേണ്ടത് അവനാണ്. മറ്റുള്ളവരെ നിയന്ത്രിക്കുന്നതും അവന്‍ തന്നെ . കുട്ടന്‍ ആ മനുഷ്യനോടു സംസാരിച്ചിരുന്നു. നിയമം തെറ്റിക്കുന്ന കുട്ടുകാരെ വഴക്ക് പറയുന്ന, ശിക്ഷിക്കുന്ന കുട്ടന്‍ പോലീസ്. അങ്ങനെ ഏറ്റവും അച്ചടക്കമുള്ള പൂച്ചകൂട്ടങ്ങളായി അവര്‍ അദേഹത്തെ അനുസരിച്ച് ജീവിച്ചു.

കഥകളിലെ ഈ നായകനെ നേരിട്ട് കണ്ടു എനിക്ക് പരിചയമില്ല. എങ്കിലും ചൂരല്‍ കുട്ടയുമായി, ജങ്ങ്ഷനിലെ കടയുടെ വരാന്തയില്‍ ഇരിക്കുന്ന ഒരു കറുത്ത മനുഷ്യനെയാണ്‌
എനിക്കോര്‍മ വരുന്നത്. വാക്കുകള്‍ ചാലിച്ച അദേഹത്തിന്റെ ചിത്രത്തിന് സ്നേഹത്തിന്റെ നിറമായിരുന്നു. പിന്നെടെപോഴോ അറിഞ്ഞു ആണ്ടി അരേന്‍ മരിച്ചെന്നു. വലിയ തോടിനരികിലെ ഓല മേഞ്ഞ ആ വീടിനോപ്പം കുട്ടനും അനാഥനായി.

കുട്ടന്‍ ഞങ്ങളുടെ വീട്ടില്‍ അഭയാര്‍ഥി ആയെത്ത്തിയപ്പോള്‍ അവന്റെ സംസാരം ഞങ്ങള്‍ കേട്ടു.

"കുട്ടാ, നല്ലതാന്നോട ? " ഞങ്ങള്‍ ചോദിക്കും.
"നല്ലതാണു ". ഭക്ഷണത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അവന്‍ മൊഴിയും.
"കുട്ടാ, രാത്രി തിന്നാന്‍ വരില്ലേ? "
"mmmmm ...." അവന്‍ നീട്ടി ഒന്ന് മൂളും.

കുട്ടന്‍ എങ്ങനെ ആണ് മനുഷ്യ ഭാഷ സംസാരിച്ചതെന് എനിക്കറിയില്ല. അവന്റെ ഉത്തരങ്ങള്‍ എന്നും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. അവന്‍ തിന്നുന്ന സമയം മുഴുവന്‍ പൊട്ട ചോദ്യങ്ങളുമായി അവന്റെ പിറകില്‍ ഞങ്ങളും. അവന്‍ ഒരിക്കലും അനിഷ്ടം കാണിച്ചില്ല. ഓരോ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി പറഞ്ഞ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

പിന്നെ, ഉടമസ്ഥന്റെ പുതിയ വീട്ടിലേക്കു അവനും യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളുടെ ഓര്‍മയില്‍ ആ വലിയ കുടുംബം തങ്ങി നില്‍ക്കുന്നു. "മക്കള്‍ക്ക്‌" കൊടുക്കാന്‍ ഭാര്യയുടെ കൈയില്‍ മീന്‍ കൊടുത്തയക്കുന്ന അരേനും, ഏതിരുട്ടിലും തോട്ടുവക്കില്‍ നിന്ന് സെലൂമ്മയെ വിളിക്കുന്ന അദേഹത്തിന്റെ നല്ല പാതിയും .

സ്വാര്‍ത്ഥതയുടെയും അത്രിപ്തിയുടെയും ഈ കാലത്ത് പങ്കുവയ്പിന്റെ ഓര്‍മ്മയായി അവര്‍ ഉണ്ടാകും. പരിഭവങ്ങള്‍ ഇല്ലാത്ത ശബ്ദമായി കുട്ടനും.

Saturday, November 6, 2010

മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ഒന്നാം വാര്‍ഷികം


ഞാന്‍ ബ്ലോഗ്ഗര്‍ ആയതിന്‍റെ ഒന്നാം വാര്‍ഷികം ഞാന്‍ പോലും അറിയാതെ കടന്നു പോയി. സ്വന്തം ജന്മദിനം പോലും പോലും മറന്നു പോകുന്ന ഞാന്‍ ഇതും മറന്നു പോയതില്‍ ആശ്ചര്യം തോന്നിയില്ല. ആരും ആശംസ പറഞ്ഞതുമില്ല.

ബ്ലോഗുകള്‍ വായിച്ചു മാത്രം ശീലിച്ച ഞാന്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങിയതിനു പിന്നില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അഭിപ്രായങ്ങള്‍
രേഖപ്പെടുത്താന്‍ ഉള്ള ഒരിടം . അത്രമാത്രം. അങ്ങനെ മൈസൂരില്‍ നിന്ന് തിരിച്ചു വന്ന ആദ്യ ദിനങ്ങളില്‍ ബസില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് 2009 Nov 3 നു ആദ്യ പോസ്റ്റ്‌ . പിന്നെ ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകള്‍. ആദ്യത്തെ കമന്റ്‌ ഫെബിന്‍റെ വക. ആദ്യ ഫോള്ലോവേര്‍ ഫെബിഷ് . ഇപ്പോള്‍ 21 ഇല്‍ എത്തി നില്‍ക്കുന്നു. ഇതുവരെ എന്നെ പ്രോത്സാഹിപിച്ച ഏല്ലാവര്‍ക്കും നന്ദി.

Thanks a ton