ഭക്ഷണം വേണ്ടത്തപ്പോഴും, പഠിക്കാന്‍ മടി കാണിക്കുമ്പോഴും തല്ലു കൊള്ളുന്നതല്ല സ്ത്രീ പീഡനം എന്ന് മനസിലാകുന്നത്, മനോരമയുടെ സുപ്പ്ലിമെന്റില്‍, സുര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന പേരിലോ മറ്റോ വന്ന ഒരു ഫുള്‍ പേജ് വാര്‍ത്തയാണ്. മുടി ഇരുവശത്തേയ്ക്കും അലസമായി പിന്നികെട്ടി, ഒരു പാവാടക്കാരി. വിഷാദവും നിസ്സഹായതയും നിഴലിക്കുന്ന മുഖം. അവളുടെ തോളില്‍ ഉറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞ്. അന്ന് മുതലിന്നോളം, ഏതു പെണ്‍വാണിഭ-പീഡന വാര്‍ത്തയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അവളുടെ മുഖം ആണ്.
ഒരിടവേളയ്ക്ക് ശേഷം ഐസ് ക്രീം പാര്‍ലര്‍ വീണ്ടും പൊങ്ങി വന്നിരിക്കുകയാണിപ്പോള്‍. വോട്ടു വാങ്ങാനും കൊടുക്കാനും, പ്രതികരിക്കാനും, പ്രതികാരം ചെയ്യാനും ഒരു ഐസ് ക്രീം പാര്‍ലര്‍ സ്റ്റൈല്‍. ലൈഗീകതയെ പ്രത്യക്ഷത്തില്‍ അറപ്പായും പരോക്ഷത്തില്‍ ആനന്ദമായും കാണുന്ന മലയാളി ലൈഗീക വിശുദ്ധി പാലിക്കാത്തവരെ ഏതു കണ്ണിലുടെ ആകും കാണുക എന്നെ പ്രത്യേകം പറയേണ്ടതില്ല. സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലഘനവും. ലൈഗീകമായി ആക്രമിക്കപ്പെടുന്ന സ്ത്രീ ആ വേദനയും അപമാനവും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നുണ്ടാവും.അവരെ വീണ്ടും ആ ദുഷിച്ച ഓര്‍മകളിലേക്ക് തള്ളി വിടുന്നത് കൊണ്ട് നമുക്കെന്താണ് ഗുണം? ഒരേ ഇരയെ വീണ്ടും വേട്ടയാടെണ്ടതുണ്ടോ?
തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടനമെന്നു എല്ലാവരെയും പോലെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സുപ്രീം കോടതി വരെ പോയിട്ടും ഈ കേസില്‍ തോല്‍വി ഇരന്നു വാങ്ങിയ ഗവര്‍മെന്റും, ഇതൊക്കെ മുതലെടുക്കുന്ന രാഷ്ത്രിയക്കാരും വീണ്ടും ഈ നാടകം ആര്‍ക്കു വേണ്ടിയാണു ആടുന്നത്? ഈ നാടകത്തില്‍ രാഷ്ത്രിയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു വിവാദ നായികയുടെ ജീവിതമാണ്. അവരുടെ ജീവിതം വച്ച് നമ്മള്‍ ആവശ്യത്തിനു കഥകളും വാര്‍ത്തകളും ഉണ്ടാക്കിയില്ലേ? ഇനി എങ്കിലും അവരെ അവരുടെ വഴിക്ക് വിട്ടുകുടെ? സ്വകാര്യത ചിലരുടെ മാത്രം ആവശ്യമാണോ? റെജിനയ്ക്കും, അവരെ പോലെയുള്ള മറ്റു പെണ്‍ കുട്ടികള്‍ക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഇല്ല എന്നാണോ?
PS : ചരിത്രവും രാഷ്ട്രിയ മുതലെടുപ്പുകളും വായിച്ചു തര്‍ക്കിക്കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഒരു "വെറും പെണ്ണിന്റെ" കാഴ്ച്ചപ്പാടാണിത് . ബുദ്ധിജീവികള്‍, social activists , please excuse.