Monday, February 28, 2011

I Am Innocent of this Man’s Blood

പറഞ്ഞത് പീലാത്തോസ്. ദൈവപുത്രനെ ദൈവത്തിന്റെ സ്വന്തം ജനതയ്ക്ക് അറവു മൃഗമായി വിട്ടു കൊടുത്തുകൊണ്ട് പീലാത്തോസ് പറഞ്ഞ വാചകമാണിത്. അധികാരങ്ങളും ആഡംബരവും ഒരു നിമിഷം അദേഹത്തെ മയക്കിയില്ലായിരുന്നു എങ്കില്‍ ചരിത്രം മറ്റൊന്നായേനെ.

സൌമ്യയെ നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇനി ആ പാവം തമിഴ് ബാലികയും നമ്മുടെ മറവികളിലേക്ക് ഊഴ്നിറങ്ങും. ക്രൂരമായ പീഡനം ആ പെണ്‍കുട്ടിക്ക് ഏറ്റിട്ടുണ്ടെന്നു ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്ന അയല്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നു? ആ പെണ്‍കുട്ടിയെ പട്ടി കൂടിനുള്ളില്‍ പൂട്ടി ഇടുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയവര്‍ നേരത്തെ ഇക്കാര്യം പുറത്തു വിട്ടിരുന്നെങ്കില്‍ അവള്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നില്ലേ?

ആയിരം പേര്‍ക്ക് വേണ്ടി ഒരാള്‍ മരിക്കുന്നത് നല്ലതാണെന്ന ബാര്‍ബേറിയന്‍ വിശ്വാസം ആണോ ഇന്നും നമ്മെ നയിക്കുന്നത്? ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നു "അറിയേണ്ടവര്‍" അറിയാന്‍ ഒരു സൌമ്യ ബലിയാകേണ്ടി വന്നു. അടിമക്കച്ചവടം എന്ന നികൃഷ്ട ആചാരം ഇന്നും നിലവില്‍ ഉണ്ടെന്നു നമ്മള്‍ അറിയാന്‍ ആ തമിഴ് പെണ്‍കുട്ടിയും മൃഗീയമായി കൊല്ലപ്പെടെണ്ടി വന്നു. അവരുടെ രക്തത്തില്‍ ചവിട്ടി നിന്ന് പണ്ട് പീലാത്തോസ് പറഞ്ഞ അതെ വാചകം നമ്മളും പറയുന്നു "ഈ രക്തത്തില്‍ എനിക്ക് പങ്കില്ല "

ഒന്നോര്‍ക്കുക, ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ ആയിരുന്നു ഇവര്‍ രണ്ടു പെരുടെതും. നമ്മള്‍ ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ... നമ്മുടെ സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും ഇടയില്‍ ഇവരെ നമ്മള്‍ ഒരിക്കെലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ...

Wednesday, February 16, 2011

അസ്വസ്ഥമാക്കുന്ന ചില ചിന്തകള്‍

കാണുന്നതെല്ലാം നിറം മങ്ങിയ കാഴ്ചകള്‍ ആണെന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. വരകള്‍ക്ക് വര്‍ണങ്ങള്‍ പകരാന്‍ കഴിവില്ലാത്തത് കൊണ്ട് കാഴ്ചകളില്‍ നിന്ന് ഒളിച്ചോടുകയാണ് പതിവ്. എങ്കിലും നിറം മങ്ങിയ ചിത്രങ്ങള്‍ ശല്യപ്പെടുത്തുന്ന ഓര്‍മ്മയായി ഇടയ്ക്കൊന്നു എത്തി നോക്കിയിട്ട് പോകും. ഇന്ന് കഴ്ച്ചകള്‍ക്കിടയില്‍ ഞാന്‍ ഒരു മുറിപ്പാട് കാണുന്നു. അപ്പയുടെ കഴുത്തിലെ ഒരു മുറിവ്. കേരള ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ ആരും അറിയാത്ത ഒരു സ്മാരകം. ഭൂ പരിഷ്കരണ നിയമം വന്നപ്പോള്‍ കുടിയാണ് വിട്ടു കൊടുക്കേണ്ട 10 സെന്റിനപ്പുരമുള്ള അവരുടെ ചേമ്പും മരച്ചീനിയും അപ്പയുടെ വീട്ടുകാര്‍ വെട്ടി നശിപ്പിച്ചതിന് പ്രതികാരമായി അവര്‍ വെട്ടിയത് അപ്പയുടെ കഴുത്തായിരുന്നു. അങ്ങനെ മാറ്റത്തില്‍ ഒളിച്ചു പോവുകയും തഴച്ചു വളരുകയും ചെയ്ത അറിയപ്പെടാത്ത കുറെ ജന്മങ്ങളില്‍ അവരും പെട്ടു

ഉടമകളില്‍ നിന്ന് ഭൂമി പിടിച്ചു വാങ്ങി നമ്മള്‍ എല്ലാവരും ജന്മികള്‍ ആയി എന്ന് സുരേഷ് സര്‍ പറഞ്ഞപ്പോള്‍ ഞാനും അത് ശരി വച്ചു.അതേ!! എല്ലാവരും മുതലാളിമാരായി. മണ്ണും വെള്ളവും ചൂഷണം ചെയ്യാനുള്ള അവകാശത്തിന്മേല്‍ താത്കാലികമായ ഒരു ഒരു സമത്വം മാത്രമേ വാങ്ങിയുള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ അവകാശം പോലും നമുക്ക് നഷ്ടമാവുകയാണ്‌. അവകാശങ്ങള്‍ ഒരു ന്യുനപക്ഷത്തിനു മാത്രമായി സ്വന്തമാവുകയാണ്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ ചൂഷണം ചെയ്യാനുള്ള അവകാശം. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം! പട്ടിണി മരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും അടിച്ചമര്ത്തലുകളുടെയും മുകളില്‍ കെട്ടിപ്പടുകുന്ന വികസനവും സാമ്പത്തിക വളര്‍ച്ചയും മാത്രമാണ് കാണുന്നത് . ഷോപ്പിംഗ്‌ മാളുകളും ആഡംബര വാഹനങ്ങളും വാഴുന്ന നിരത്തുകള്‍ നോക്കി ജീവിത നിലവാരം മെച്ചപ്പെട്ടെന്നു പറയുമ്പോള്‍, നമ്മള്‍ മറന്നു പോകുന്ന ഒരു വലിയ ജനവിഭാഗമുണ്ടിവിടെ.

നഴ്സറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ആന്റ്യമ്മ ചൊല്ലി തരുന്ന ഒരു കവിതയുണ്ടായിരുന്നു. അടിയാന്റെ മുറ്റത്ത്‌ അവന്‍ നട്ട് വളര്‍ത്തിയ വാഴ വെട്ടികൊണ്ട് പോകുന്ന ജന്മിയെ കുറിച്ച്. അസമത്വം എന്ന് ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്ന പ്രതിഭാസത്തെ പറ്റി എനിക്ക് കിട്ടിയ ബാലപാഠം. അത് കൊണ്ട് തന്നെ, അപ്പയുടെ കഴുത്തിലെ മുറിവ് അത് അദ്ദേഹം അര്‍ഹിചിരുനില്ല എങ്കില്‍ കൂടി എന്നെ വേദനിപ്പിച്ചിട്ടില്ല . ആ മുറിവ് കാലത്തിന്റെ അനീവാര്യതയായിരുന്നു. അതൊരു ഓര്‍മ്മപ്പെടുത്തല്‍ കുടെയാണ്.

ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് ഹെഗേല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഇന്ന് എന്നത് പോയ കാലത്തിന്റെ പുതിയ വെര്‍ഷന്‍ ആണ് . വമ്പന്‍ കുത്തകകളും , രാഷ്തൃയക്കാരും ബ്യുറോകാറ്റ്സും മുടിപ്പിക്കുന്ന നാട് . മുറിവുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ, ബന്ധങ്ങളുടെയും കടമകളുടെയും കെട്ടുപാടുകളില്‍ എന്റെ ചോര എനിക്ക് പോലും സ്വന്തമല്ല... അത് കൊണ്ട് ഞാനും രക്ഷപെടുകയാണ്. ഒരു ഒളിച്ചോട്ടം.. എന്റെ മാത്രം ലോകത്തേയ്ക്ക്.