Monday, February 28, 2011

I Am Innocent of this Man’s Blood

പറഞ്ഞത് പീലാത്തോസ്. ദൈവപുത്രനെ ദൈവത്തിന്റെ സ്വന്തം ജനതയ്ക്ക് അറവു മൃഗമായി വിട്ടു കൊടുത്തുകൊണ്ട് പീലാത്തോസ് പറഞ്ഞ വാചകമാണിത്. അധികാരങ്ങളും ആഡംബരവും ഒരു നിമിഷം അദേഹത്തെ മയക്കിയില്ലായിരുന്നു എങ്കില്‍ ചരിത്രം മറ്റൊന്നായേനെ.

സൌമ്യയെ നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു. ഇനി ആ പാവം തമിഴ് ബാലികയും നമ്മുടെ മറവികളിലേക്ക് ഊഴ്നിറങ്ങും. ക്രൂരമായ പീഡനം ആ പെണ്‍കുട്ടിക്ക് ഏറ്റിട്ടുണ്ടെന്നു ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്ന അയല്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നു? ആ പെണ്‍കുട്ടിയെ പട്ടി കൂടിനുള്ളില്‍ പൂട്ടി ഇടുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയവര്‍ നേരത്തെ ഇക്കാര്യം പുറത്തു വിട്ടിരുന്നെങ്കില്‍ അവള്‍ ഒരു പക്ഷെ രക്ഷപെടുമായിരുന്നില്ലേ?

ആയിരം പേര്‍ക്ക് വേണ്ടി ഒരാള്‍ മരിക്കുന്നത് നല്ലതാണെന്ന ബാര്‍ബേറിയന്‍ വിശ്വാസം ആണോ ഇന്നും നമ്മെ നയിക്കുന്നത്? ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നു "അറിയേണ്ടവര്‍" അറിയാന്‍ ഒരു സൌമ്യ ബലിയാകേണ്ടി വന്നു. അടിമക്കച്ചവടം എന്ന നികൃഷ്ട ആചാരം ഇന്നും നിലവില്‍ ഉണ്ടെന്നു നമ്മള്‍ അറിയാന്‍ ആ തമിഴ് പെണ്‍കുട്ടിയും മൃഗീയമായി കൊല്ലപ്പെടെണ്ടി വന്നു. അവരുടെ രക്തത്തില്‍ ചവിട്ടി നിന്ന് പണ്ട് പീലാത്തോസ് പറഞ്ഞ അതെ വാചകം നമ്മളും പറയുന്നു "ഈ രക്തത്തില്‍ എനിക്ക് പങ്കില്ല "

ഒന്നോര്‍ക്കുക, ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ ആയിരുന്നു ഇവര്‍ രണ്ടു പെരുടെതും. നമ്മള്‍ ഒന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ... നമ്മുടെ സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും ഇടയില്‍ ഇവരെ നമ്മള്‍ ഒരിക്കെലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ...

10 comments:

  1. ഇതേ പോലെ ചില ചിന്തകളോടെ എഴുതിയ വരികൾ

    മകളേ, ഇതേറ്റു വാങ്ങുക...
    ഇതു വെറും കറിക്കത്തിയല്ലിന്നെനിക്ക്,
    ഇമ ചിമ്മാതിരിക്കുന്നൊരമ്മക്ക് തെല്ലൊരാശ്വാസം,
    മകളേ, നീയിതരയിലൊളിപ്പിച്ചു വക്കുക.

    മകളേ, ഇതേറ്റു വാങ്ങുക...
    നീ കരഞ്ഞപ്പോഴൊക്കെ നിന്നെ പഠിപ്പിച്ച
    സീതതൻ‌, സാവിത്രി തൻ‌ ഗാഥകൾ‌ മറക്കുക
    ഇനിയൽ‌പ്പമെന്നടുത്തിരിക്കാമോ ഈയമ്മ പാടട്ടെ,
    വളയിട്ടകൈകളാലടരാടിയ ഗീതികൾ‌..
    മകളേ, മറക്കുക സീതയെ, സാവിത്രിയെ,
    പിന്നെ നിന്നെ നിസ്സഹായയാക്കിയയെന്നെയും‌.


    മകളേ, ഇതേറ്റു വാങ്ങുക...
    നിൻ‌ കണങ്കാൽ‌ ദർശനമാത്രയിൽ‌ ഒരു നവ-
    രതിസാമ്രാജ്യമുയർത്തുന്നൊരിന്നിന്റെ
    സദാചാരബോധത്തിന്റെ നാരായ വേരറുക്കുവാൻ‌..
    കയ്യിലെ മഞ്ചാടി ദൂരെക്കളഞ്ഞെന്റെ കുരുന്നേ -
    നീയിതേറ്റുവാങ്ങുക, അരയിലൊളിപ്പിക്കുക.

    മകളേ, ഇതേറ്റു വാങ്ങുക...
    പ്രൈം ടൈമിലെ ചർച്ചയിൽ‌ നിന്മുഖം തെളിയാതെ
    കാക്കുവാനമ്മക്ക് ത്രാണിയില്ല,
    ചർ‌ച്ചയ്ക്കിടക്ക് നിൻ‌പേരിൽ എസ്.എം.എസ്സിനു
    പ്രായോജകർക്കായ് കെഞ്ചുന്നതോർക്കവയ്യ.
    മകളേ, ഇതേറ്റു വാങ്ങുക...

    ReplyDelete
  2. ഒന്നും പറയാനില്ല സോണിയ. ആ തമിഴ് പെണ്‍കുട്ടിയുടെ മരണശേഷം ആ അഭിഭാഷകന്റെ അയല്‍‌വ്വാസികള്‍ വളരെ അധികം തീവ്രതയോടെ പ്രതികരിക്കുന്നതു കണ്ടു. ആ കുട്ടിയെ പട്ടിക്കൂട്ടിലിട്ടു എന്നും മറ്റും. എന്നിട്ട് ആ കുട്ടിയുടെ ശവത്തിനു വേണ്ടിയല്ലാതെ ഒരക്ഷരം ഇത് വരെ ഉരിയാടാന്‍ അവരുണ്ടായില്ല :-(

    സൌമ്യയുടേ മരണത്തിന്റെ സമയത്ത് പറഞ്ഞ വരികള്‍ ഇന്നും പറയുന്നു - നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ അല്ലാതെ സംഭവിക്കുന്ന ദുരന്തങ്ങളെല്ലാം നമുക്ക് വെറും വാര്‍ത്ത മാത്രമാണ്

    ReplyDelete
  3. ഈ തീഷ്ണ ചിന്തകള്‍ കാട്ടു തീയായി പടരട്ടെ ...

    ReplyDelete
  4. എഴുത്തിലെ ഈ തീക്ഷ്ണത ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ....

    മരുഭൂമിയില്‍ നിന്നുള്ള ഇത്തരം നിലവിളികള്‍, ലോകത്തിന്റെ കണ്ണും കാതും തുറപ്പിക്കട്ടെ....

    ReplyDelete
  5. രക്തസാക്ഷികള്‍ വേണം എല്ലാവര്‍ക്കും. പറഞ്ഞു തീര്‍ക്കാന്‍. കരഞ്ഞു തീര്‍ക്കാന്‍. അതിന് അടുത്ത ദുരന്തം വരെ മാത്രം ആയുസ്സ്. കാര്യങ്ങള്‍ ഇങ്ങനെ തുടരും.
    എങ്കിലും, കണ്‍മുന്നില്‍ മനുഷ്യര്‍ വെറുതെ പിടഞ്ഞു തീരുമ്പോള്‍ ഉള്ളില്‍ രോഷമോ സങ്കടമോ ഉയരുന്നുവെങ്കില്‍ അതത്ര നിസ്സാരമല്ല. നാം മനുഷ്യരായി തുടരുന്നു എന്നതിന്റെ തെളിവാണത്.

    ReplyDelete
  6. ചിന്തകള്‍ തീക്ഷ്ണങ്ങളാവട്ടെ.. പ്രതികരിക്കുന്ന ഒരു യുവത ഇവിടെ തഴച്ച് വളരട്ടെ.. സോണിയുടെ വാക്കുകളിലെ വേദനയുടെ ആഴം മനസ്സിലാക്കുന്നു.

    ReplyDelete
  7. പ്രതികരിക്കുക..........പ്രതികരിക്കുക....പ്രതികരിക്കുക

    ReplyDelete
  8. നമുക്ക് സംഭവിക്കാതവ എല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണ്....

    ReplyDelete