Wednesday, April 6, 2011

ഒരു കറി വയ്പ്പിന്റെ ഓര്‍മ്മയ്ക്ക്‌

ഇന്ന് ലഞ്ച് കഴിക്കുന്നതിനിടയ്ക്ക് പഴയ കുക്കിംഗ്‌ അനുഭവങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ചേന കറി വച്ച കാര്യംഓര്‍മ്മ വന്നത്. മൈസൂരില്‍ ഞാനും എന്റെ റൂമി നിഷയും ആയിരുന്നു മിക്കവാറും ദിവസം കുക്കിംഗ്‌ചെയ്തിരുന്നത്. മറ്റുള്ളവര്‍ പുറത്തു നിന്ന് കഴികുകയാണ് പതിവ്. ഞാനും നിഷയും ആണെങ്കില്‍ മാര്‍ക്കറ്റില്‍പോയാല്‍ ആര്‍ക്കൊക്കെയോ ചക്കക്കൂട്ടാന്‍
കിട്ടിയ പോലെയാണ് .. എല്ലായിടത്തും കേറി ഇറങ്ങി, മാര്‍ക്കറ്റ്‌ മുഴുവന്‍ വാങ്ങാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. പിനീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കൂടി വാരി കളയേണ്ടി വരും . അങ്ങനെ ഒരു മാര്‍ക്കറ്റ്‌ വിസിറ്റില്‍ ആണ് ചേന കണ്ണില്‍പെടുന്നത്. എന്നാല്‍ ഇനി പരീക്ഷണം ചേനയില്‍ ആക്കാം എന്ന് വച്ച്. ആര്‍ഭാടമായി ചേനയും വാങ്ങി വീട്ടിലേക്കുപോന്നു.

ഒരു ശനിയാഴ്ച ദിവസം കുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. അന്നാണെങ്കില്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കും. നിഷയ്ക്ക്ഓഫീസില്‍ പോകണം
. ഞാന്‍ തന്നെ കുക്ക് ചെയ്തോളാം എന്നേറ്റു. ഞാന്‍ ചേന നന്നാക്കി, തിളപ്പിച്ചു, നല്ല ഭംഗിയായി അരിഞ്ഞു, മാറ്റി വച്ചു. അപ്പോഴാണ് വീട്ടില്‍ ഉള്ളി, ഇഞ്ചി തുടങ്ങിയ അടിസ്ഥാന സാധനങ്ങള്‍ ഒന്നും ഇല്ല എന്ന് മനസിലായത്. നിഷേയെ വിളിച്ചു.

ഞാന്‍ : നിഷേ, ഇവിടെ ഒന്നും ഇല്ല, ചേനേം എണ്ണ , കുറച്ചു മസാലയും മാത്രേ ഉള്ളു, ഉള്ളിം
മുളകും ഇല്ലാതെ എങ്ങനെ കറി വയ്ക്കും ?

നിഷ: അതൊക്കെ
പറ്റും . ഇനി ഇപ്പൊ പുറത്തു പോയി വങ്ങേണ്ട, ഉള്ള പൊടി ഒക്കെ തന്നെ ഇട്ടു വച്ചാ മതി

ഞാന്‍ : എന്നാലും നിഷേ, ഒരു starting ട്രബിള്‍. എന്ത് ചെയ്യും?

നിഷ: ഒട്ടും പറ്റുനില്ലേ?

ഞാന്‍ : ഇല്ല.. എണ്ണയില്‍ ഇടാന്‍ എന്തേലും വേണം.

നിഷ : എന്തേലും മതിയോ?

ഞാന്‍ : മതി.

നിഷ : എന്നാല്‍ ഷെല്‍ഫില്‍ ഉണക്ക മുളക് കാണും. അത് വെച്ച് സ്റ്റാര്‍ട്ട്‌ ചെയ്തോ. അത് ഇട്ടാല്‍ മതി,


എനിക്കും സന്തോഷം. അപോ ഇന്ന് ചേനക്കറി
തന്നെ. കഴുകി എടുത്ത മുളക് കീറി നേരെ എണ്ണയിലേക്ക് . മുളകിലുണ്ടായ വെള്ളം കളയാതെ ആണ് ഞാന്‍ എണ്ണയിലേക്ക് ഇട്ടതെന്ന് മനസിലായത് എണ്ണ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്. പിന്നെ അടുക്കളയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് വലിയ നിശ്ചയം ഇല്ല. ആകെപള്ളിയിലെ പെരുന്നാളിന് വെടിക്കെട് നടത്തുന്ന ഒരു പ്രതീതി. ഞാന്‍ ഓടി രണ്ടു റൂം അപ്പുറം പോയി നിന്നു.

ബഹളം എല്ലാം കഴിഞു തിരിച്ചെത്തിയപ്പോള്‍ ചട്ടിയില്‍ നിന്നും പുക വരുനുണ്ടായിരുന്നു. എന്നാലും പുകയിലെയ്ക്ക്
മുളക് പൊടി ഇടാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ ആകെ കറുപ്പ് നിറം. അമ്മ, കറുത്തനിറത്തില്‍ മാങ്ങാ കറി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട്, എന്റെ ആത്മ വിശ്വാസം ഇരട്ടിച്ചു. കറുത്ത മിശ്രിതത്തില്‍ ഞാന്‍ ചേനയും ഇട്ടു.

ചെയ്തത് മണ്ടത്തരമാണെന്ന്
കത്താന്‍ എനിക്ക് പിന്നെയും നേരം എടുത്തു. സ്ടവ് ഓഫ്‌ ചെയ്തു ഞാന്‍ കരിഞ്ഞപൊടി പുരണ്ട ചേന പുറത്തെടുത്തു . ഇനി എന്ത് ചെയ്യും? തലയില്‍ വീണ്ടും ബള്‍ബ്‌ കത്തി. ചേന മുഴുവന്‍ഞാന്‍ വീണ്ടും എടുത്തു കഴുകി. ഒന്നല്ല. പലതവണ. എന്നിട്ട് വീണ്ടും കറി വച്ചു, വേറെ എണ്ണ ഒഴിച്ച്, മുളകിടാതെ, ഉള്ളി ഇടാതെ.. രാത്രി വീടെത്തിയ നിഷയോടു കഥ മുഴുവന്‍ പറഞ്ഞു. അന്ന് നിഷ ചിരിച്ച ചിരി... നിഷേ..... !!!!! എന്നിട്ടും കഴിക്കാന്‍ നേരം ഒരു ഭയം, ചേന ചോറിയോ,


"നിഷേ , ചേന ചോറിയോ ?"
"ഏയ്‌, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല
, അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."

സമര്‍പ്പണം : നിഷയ്ക്ക്...നിഷയ്ക്ക് മാത്രം